NewsOnlive.in

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബർ ഒൻപത്, പതിനാല് തീയതികളിൽ

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഡിസംബർ ഒൻപത്, 14 തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നുവെന്നും തീയതി പ്രഖ്യാപിച്ചുകൊണ്ട് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ അചൽ കുമാർ ജ്യോതി അറിയിച്ചു.

182 മണ്ഡലങ്ങളാണ് ഗുജറാത്തിലുള്ളത്. ഡിസംബർ ഒൻപതിന് നടക്കുന്ന ആദ്യ ഘട്ടത്തിൽ 89 മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. പതിനാലിന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ 93 മണ്ഡലങ്ങളുടെ ജനവിധി കുറിക്കപ്പെടും. വിവി പാറ്റ് സംവിധാനം പൂർണമായും ഉൾപ്പെടുത്തിയാവും തെരഞ്ഞെടുപ്പ് നടത്തുക എന്ന് കമ്മീഷൻ വ്യക്തമാക്കി.

182 മണ്ഡലങ്ങളിലെ വോട്ടെടുപ്പിനായി 50,128 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജീകരിക്കുന്നത്. ഇതിൽ 102 ബൂത്തുകളുടെ പൂർണ നിയന്ത്രണം സ്ത്രീകൾക്ക് മാത്രമായിരിക്കും. 28 ലക്ഷം രൂപയായിരിക്കും ഒരു സ്ഥാനാർഥിക്ക് മുടക്കാൻ പറ്റുന്ന പരമാവധി തുകയെന്നും കമ്മീഷൻ അറിയിച്ചു.

ജനുവരി 23-നാണ് നിലവിലെ ഗുജറാത്ത് സർക്കാരിന്‍റെ കാലാവധി അവസാനിക്കുക. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസും-ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടുമെന്ന് ഉറപ്പായിട്ടുണ്ട്.