NewsOnlive.in

‘നടുവിരല്‍ നമസ്കാര’വുമായി ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ; പുതിയ പോസ്റ്റര്‍ നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു

അശ്ലീല ചുവയുള്ള സംഭാഷണങ്ങളുടേയും മോശം രംഗങ്ങളുടേയും പേരില്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ വാര്‍ത്തകളില്‍ ഇടം നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്റ്ററും നവമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച പുറത്തിറക്കിയ പോസ്റ്ററാണ് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

നടുവിരല്‍ ഉയര്‍ത്തിയുള്ള കൈയുടെ ചിത്രം ഉള്‍പ്പെടെയുള്ളതാണ് പോസ്റ്റര്‍. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കഷനോടുള്ള പ്രതിഷേധമാണ് ചിത്രത്തിന്റെ പുതിയ പോസ്റ്ററെന്നാണ് സമൂഹ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. ചിത്രത്തിന് ആശംസകളുമായി നിരവധിയാളുകളാണ് എത്തിയത്.

സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതിന് പിന്നാലെ ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രകാശ് ഝാ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രം സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നായിരുന്നു ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ നല്‍കിയ നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രദര്‍ശനാനുമതി നല്‍കുകയും ചെയ്തു.

അലംകൃത ശ്രീവാസ്തവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ചിത്രം നിരവധി പുരസ്കാരങ്ങള്‍ നേടി. നാല് സ്ത്രീകളുടെ കഥ പറയുന്ന ചിത്രത്തില്‍ കൊങ്കണ സെന്‍ ശര്‍മ്മ, രത്ന പഖത്, സുശാന്ത് സിംഗ് എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.