NewsOnlive.in

ക്യൂബയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി ട്രംപ്; ഒബാമ ഏര്‍പ്പെടുത്തിയ ഇളവുകള്‍ പിന്‍വലിച്ചു

വാഷിങ്ടണ്‍: ക്യൂബയ്ക്ക് മേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്യൂബയുമായുള്ള സാമ്പത്തിക ഇടപാടുകളും നയതന്ത്ര ബന്ധങ്ങളിലെ ഇളവുകളും വീണ്ടും കര്‍ശനമാക്കിയിരിക്കുകയാണ് ഇതിലൂടെ. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ കൊണ്ടുന്ന ഇളവുകളും സഹകരണവും ട്രംപ് ഭാഗികമായി പിന്‍വലിച്ചിട്ടുണ്ട്. യുഎസ് സഞ്ചാരികള്‍ ക്യൂബയില്‍ പോകുന്നതിന് ഇനി നിയന്ത്രണമുണ്ടാകും. ക്യൂബന്‍ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളുമായി യുഎസ് സ്ഥാപനങ്ങള്‍ സഹകരിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.

ഏകപക്ഷീയമായ കരാര്‍ ആയിരുന്നു ഒബാമ സര്‍ക്കാര്‍ ക്യൂബയുമായി ഉണ്ടാക്കിയത്. ഇത് റദ്ദ് ചെയ്യുകയാണ്. ക്യൂബന്‍ ജനതയ്ക്കും അമേരിക്കയ്ക്കും കൂടുതല്‍ ഗുണകരമായ കരാറുണ്ടാക്കും. എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുന്നത് വരെ ക്യൂബയ്ക്കെതിരായ ഉപരോധം നീക്കില്ലെന്നും ട്രംപ് പറഞ്ഞു.

അരനൂറ്റാണ്ടിലേറെ പിന്നിട്ട സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാനും 2014 ഡിസംബറിലാണ് ഒബാമ സര്‍ക്കാര്‍ തീരുമാനിച്ചത്. ക്യൂബയില്‍ ഏകാധിപത്യഭരണത്തിന് അന്ത്യം കുറിച്ച് 1959ല്‍ ഫിഡല്‍ കാസ്ട്രോയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് വിപ്ലവം നടന്നതോടെയാണ് ഇരു രാജ്യങ്ങളും അകന്നത്.