NewsOnlive.in

തന്ത്രങ്ങള്‍ മെനയാന്‍ അമിത്ഷാ കേരളത്തിലെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ ബി.ജെ.പി പ്രവർത്തനങ്ങൾ വിലയിരുത്താനും പാർട്ടിയുടെ ബഹുജന അടിത്തറ ശക്തിപ്പെടുത്തുന്നതിനുമായി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തി. കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമിത് ഷായെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്ന ബൈക്ക് റാലിയോടെയാണ് അമിത് ഷായെ സ്വീകരിച്ചത്.

മൂന്നു ദിവസത്തെ കേരള പര്യടനത്തിനായി ഇന്നു കൊച്ചിയിലെത്തിയ അമിത് ഷായുടെ പ്രധാന അജൻഡ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പാണ്. മൂന്ന് ലക്ഷ്യങ്ങളാണ് അമിത് ഷായുടെ യാത്രയ്ക്കുള്ളത്. ഒന്ന്: തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തൽ. രണ്ട്: എൻ.ഡി.എ ഘടകകക്ഷികൾക്കുള്ള അതൃപ്തി പരിഹരിക്കൽ. മൂന്ന്: പുതിയ കക്ഷികളെയും ജനവിഭാഗങ്ങളെയും സ്വാധീനമുള്ള വ്യക്തികളെയും കൂടെ കൂട്ടൽ. ഇതുവഴി ലോക്സഭാ തിരഞ്ഞെടുപ്പിലും കേരളത്തിൽ അക്കൗണ്ട് തുറക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.

സംഘടനാപരമായ വീഴ്‌ചകൾ പരിഹരിക്കാൻ ഷാ ശ്രമിക്കും. വിവിധ തലങ്ങളിലെ നേതാക്കളുമായി സംസാരിച്ച് താഴേതട്ടിൽ വരെ എന്താണ് നടക്കുന്നതെന്ന് മനസിലാക്കും. ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിലും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിലും വന്ന വീഴ്‌ചയ്‌ക്ക് നേതൃത്വം മറുപടി പറയേണ്ടി വരും.

ഘടകകക്ഷികളെ ബി.ജെ.പി സംസ്ഥാന നേതൃത്വം അവഗണിക്കുന്നുവെന്ന് ബി.ഡി.ജെ.എസ് ഉൾപ്പെടെയുള്ളവർ ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. തുടർന്ന് ജനകീയ പരിപാടികളെല്ലാം എൻ.ഡി.എയുടെ പേരിൽ മതിയെന്ന് നിർദ്ദേശം നൽകി. ആദ്യമൊക്കെ ഘടകകക്ഷികളെ പരിപാടിയിൽ ഉൾക്കൊള്ളിച്ചെങ്കിലും വീണ്ടും പഴയപടിയായി.

ബി.ജെ.പി നേതൃത്വത്തിന് മുന്നണി സംസ്‌കാരം അറിയില്ലെന്നാണ് ഘടകകക്ഷികൾ ആരോപിക്കുന്നത്. കേന്ദ്ര ബോർഡുകൾ, കോർപറേഷനുകൾ എന്നിവയിൽ പ്രാതിനിധ്യം ഇല്ലെന്നുള്ള പരാതിയും ഇതുവരെ പരിഹരിച്ചില്ല. ലോക്‌സഭാ സീറ്റുകളിൽ ഘടകകക്ഷികൾ ഇപ്പോഴേ അവകാശ വാദമുയർത്തിയത് ബി.ജെ.പി നേതൃത്വത്തെ ചൊടിപ്പിക്കുകയും ചെയ്‌തു.

കേരളത്തിൽ വിജയിക്കണമെങ്കിൽ സാമൂഹ്യ ജാതീയ സമവാക്യങ്ങളിൽ മാറ്റം വരണമെന്ന അഭിപ്രായമാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനുള്ളത്. മത മേലദ്ധ്യക്ഷന്മാരെ കണ്ടതുകൊണ്ട് മാത്രം കാര്യമില്ലെന്ന് ദേശീയ നേതൃത്വത്തിനും ബോദ്ധ്യമായിട്ടുണ്ട്. അതിനാൽ ജനകീയ അടിത്തറ വിപുലമാക്കാൻ പുതിയ സഖ്യങ്ങൾ കണ്ടെത്തുന്നതിനുള്ള തുടക്കം കുറിക്കലാവും അമിത്ഷായുടെ സന്ദർശനം.