NewsOnlive.in

ഹാദിയയെ മതം മാറ്റിയതില്‍ തീവ്രവാദ ബന്ധമുള്ളതായി സൂചന; ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കി

പാലക്കാട്: വൈക്കം സ്വദേശിനിയായ ഹോമിയോ വിദ്യാര്‍ഥി അഖിലയെ മതംമാറ്റി ഹാദിയയാക്കിയ സംഭവത്തില്‍ തീവ്രവാദ ബന്ധമുള്ളതായി സൂചന. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി.

പെണ്‍കുട്ടി മതംമാറിയ സംഭവത്തില്‍ തീവ്രവാദബന്ധം അന്വേഷിക്കാത്തത് പോലീസിന്റെ വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സേലത്ത് ഹോമിയോ വിദ്യാര്‍ഥിയായിരിക്കെയാണ് അഖില മതംമാറിയത്.

പിന്നീട് മുസ്ലീം യുവാവുമായി വിവാഹിതയായ അഖിലയെ വീട്ടുകാര്‍ക്കൊപ്പം അയച്ച സംഭവം ഏറെ വിവാദമായിരുന്നു. പെണ്‍കുട്ടിക്ക് രണ്ട് സാഹചര്യങ്ങളില്‍ ഐ.എസ്. ബന്ധം സംശയിക്കപ്പെട്ടത് അന്വേഷിക്കാത്തതാണ് വീഴ്ചയായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

മഞ്ചേരിയിലെ മതംമാറ്റകേന്ദ്രം സത്യസരണിയിലായിരിക്കെ പെണ്‍കുട്ടി അച്ഛനുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ ഐ.എസില്‍ ചേര്‍ന്ന് വിദേശത്തേക്ക് പോകാന്‍ ആഗ്രഹിച്ചിരുന്നതായി പറയുന്നുണ്ട്.

ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ നിര്‍ബന്ധത്താലാണ് ‘ആടുമേയ്ക്കാന്‍’ വിദേശത്തേക്ക് പോകേണ്ടതില്ലായെന്നു തീരുമാനിച്ചതെന്നും പെണ്‍കുട്ടിയുടെതെന്ന് കരുതുന്ന ഫോണ്‍ സംഭാഷണത്തിലുണ്ട്.

പെണ്‍കുട്ടിയെ ഐ.എസിലേക്ക് ക്ഷണിച്ചതാര്, വിദേശത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതാര് എന്നിവയൊക്കെ അന്വേഷിക്കണമെന്ന് ഇന്റലിജന്‍സ് നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ ഒരു അന്വേഷണവും പോലീസ് നടത്തിയില്ലെന്നാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കണ്ണൂരിലെ കനകമലയില്‍ ഒളിച്ചുതാമസിക്കുന്നതിനിടെ പിടിക്കപ്പെട്ട ഐ.എസ്. ബന്ധമുള്ളവരെ ചോദ്യം ചെയ്തപ്പോള്‍ എസ്.ഡി.പി.ഐ.യുടെ സാമൂഹികമാധ്യമശൃംഖല കൈകാര്യം ചെയ്യുന്നവരില്‍ മൂന്നുപേര്‍ ഐ.എസ്. ആഭിമുഖ്യമുള്ളവരാണെന്ന മൊഴി എന്‍.ഐ.എ.യ്ക്ക് ലഭിച്ചിരുന്നു. ഇവരില്‍ ഒരാള്‍ ഷഫിന്‍ ജഹാന്‍ എന്നയാളാണ്.

പിടിയിലായവര്‍ നല്‍കിയ മൊഴിയില്‍ പറയുന്നയാള്‍ ഹാദിയയായ അഖിലയെ വിവാഹം കഴിച്ച ഷഫിന്‍ ജഹാനാണെന്നും അതുകൊണ്ടുതന്നെ ഇയാള്‍ക്കെതിരേ എന്‍.ഐ.എ.യില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച് അന്വേഷിക്കണമെന്ന് നിര്‍ദേശിച്ചിരുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഈ ആരോപണം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ഷഫിന്‍ ജഹാന്‍ നിഷേധിച്ചെന്നാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഈ രണ്ടു സംഭവങ്ങളും തീവ്രവാദവിരുദ്ധ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുന്ന തരത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.

പെണ്‍കുട്ടിയ്ക്കൊപ്പം കൊച്ചിയില്‍ താമസിച്ചിരുന്ന സൈനബയ്ക്കെതിരേ സമാനമായ സംഭവത്തിലുള്‍പ്പെട്ട ചെര്‍പ്പുളശ്ശേരി സ്വദേശിനി മൊഴി നല്‍കിയിരുന്നു. പെട്ടെന്ന് വിവാഹം കഴിക്കണമെന്നും അങ്ങനെ ചെയ്താല്‍ കോടതിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും സൈനബ പറഞ്ഞതായാണ് ചെര്‍പ്പുളശ്ശേരി സ്വദേശിനിയുടെ മൊഴി.

സൈനബയുടെ ഇടപെടലാണ് വിവാഹത്തിലേക്ക് നയിച്ചതെന്നും ഇതിലേക്ക് വിരല്‍ ചൂണ്ടുന്ന ചെര്‍പ്പുളശ്ശേരി സ്വദേശിനിയുടെ മൊഴി കണക്കിലെടുത്ത് കൂടുതല്‍ അന്വേഷണം വേണമെന്ന് നിര്‍ദേശിച്ചതും പരിഗണിക്കപ്പെട്ടില്ലെന്ന് ഇന്റലിജന്‍സ് കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.