NewsOnlive.in

ഒരിക്കല്‍ യു.എസ് വേണ്ടെന്ന് പറഞ്ഞ ഇന്ത്യയുടെ റോക്കറ്റ് നാസയുടെ ഉപഗ്രഹം വഹിക്കും

ന്യൂഡല്‍ഹി: ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ച ഐ.എസ്.ആര്‍.ഒയുടെ റോക്കറ്റിന് ഒരിക്കല്‍ വിലക്കേര്‍പ്പെടുത്തിയ അമേരിക്ക തന്നെ അതേ റോക്കറ്റ് ഉപയോഗിച്ച്‌ ഐ.എസ്.ആര്‍.ഒയും നാസയും സംയുക്തമായി വികസിപ്പിക്കുന്ന ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഒരുങ്ങുന്നു. അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആര്‍.ഒയും ഭൗമനിരീക്ഷണത്തിനായി സംയുക്തമായി നിര്‍മിക്കുന്ന നാസ – ഐ.എസ്.ആര്‍.ഒ സിന്തറ്റിക് അപ്പാര്‍ച്ചര്‍ റഡാര്‍ സാറ്റ്ലൈറ്റ് (നിസാര്‍) എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹത്തെയാണ് ജി.എസ്.എല്‍.വി റോക്കറ്റ് 2021ല്‍ ഭ്രമണപഥത്തില്‍ എത്തിക്കുക. 1992ല്‍ ജോര്‍ജ് ബുഷ് പ്രസിഡന്റായിരിക്കെയാണ് ഐ.എസ്.ആര്‍.ഒയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തുകയും ഇന്ത്യയുമായി ക്രയോജനിക് സാങ്കേതിക വിദ്യ പങ്കുവയ്ക്കുന്നതില്‍ നിന്ന് റഷ്യയെ വിലക്കുകയും ചെയ്തത്.

ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ ഭൗമനിരീക്ഷണ ഉപഗ്രഹമായിരിക്കും നിസാര്‍. 150 കോടിയോളം രൂപയാണ് ഇന്ത്യയും നാസയും ചേര്‍ന്ന് ചെലവഴിക്കുക. 2200 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. രണ്ട് ഫ്രീക്വന്‍സിയുള്ള റഡാര്‍ സംവിധാനമാണ് ഉപഗ്രഹത്തിലുള്ളത്. 24 സെ.മീ ഉള്ള ഒരു എല്‍ ബാന്‍ഡ് റഡാറും 13 സെമീ ഉള്ള എസ് ബാന്‍ഡ് റഡാറുമാണ് ഈ ഉപഗ്രഹത്തിന്റെ കേന്ദ്രമെന്ന് പറയുന്നത്. ഇതില്‍ എല്‍ ബാന്‍ഡ് നാസയും എസ് ബാന്‍ഡ് ഐ.എസ്.ആര്‍.ഒയുമാണ് നിര്‍മിക്കുക. ഈ രണ്ട് റഡാറുകള്‍ ഉപയോഗിച്ച്‌ ഭൂമിയുടെ കൃത്യതയും വ്യക്തതയുമുള്ള ചിത്രങ്ങള്‍ പകര്‍ത്താനാവും. ഉരുള്‍പൊട്ടല്‍, ഭൂചലനങ്ങള്‍, അഗ്നിപര്‍വത സ്ഫോടനങ്ങള്‍ തുടങ്ങീ പ്രകൃതി ദുരന്തങ്ങളെ കുറിച്ച്‌ മുന്‍കൂട്ടി അറിയാനും മുന്‍കരുതല്‍ എടുക്കാനും കഴിയും. ഭൗമപാളികള്‍, ഹിമപാളികള്‍ എന്നിവയെക്കുറിച്ച്‌ പഠിക്കാനും വനം, കൃഷിഭൂമി എന്നിവ നിരീക്ഷിക്കുക വഴി കാട്ടുതീ, വിളനാശം എന്നിവയെ മുന്‍കൂട്ടി പ്രവചിക്കാനും ഈ ഉപഗ്രഹം കൊണ്ട് കഴിയും.

2012ല്‍ ഐ.എസ്.ആര്‍.ഒ റിസാറ്റ് -1 തദ്ദേശീയമായി നിര്‍മിച്ച്‌ വിക്ഷേപിച്ചതോടെയാണ് ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നാസ താല്‍പര്യം പ്രകടിപ്പിച്ചത്. തുടര്‍ന്ന് ചര്‍ച്ചകള്‍ നടത്തുകയും 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ അന്ന് പ്രസിഡന്റായിരുന്ന ബറാക് ഒബാമയുമായി ഇത് സംബന്ധിച്ച കരാര്‍ ഒപ്പുവയ്ക്കുകയായിരുന്നു.