NewsOnlive.in

രാമന്തളിയില്‍ ബിജു കൊലക്കേസില്‍ മുഖ്യപ്രതി പൊലീസ് പിടിയില്‍; അറസ്റ്റിലായ റെനീഷും വിപിനും സി.പി.എം പ്രവര്‍ത്തകര്‍; രാഷ്ട്രീയ കൊലയെന്ന ആരോപണം ശക്തമാക്കി ബിജെപി

പയ്യന്നൂർ: കണ്ണൂർ രാമന്തളിയിൽ ആർഎസ്എസ് പ്രവർത്തകൻ ബിജു കൊല്ലപ്പെട്ട കേസിൽ രണ്ടു പേർ കൂടി പൊലീസ് പിടിയിലായി. മുഖ്യപ്രതി റെനീഷും വിപിനുമാണ് പിടിയിലായത്. രാമന്തളിയിൽ ഞായറാഴ്ച രാത്രി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. ഇരുവർക്കും സിപിഎമ്മുമായി അടുത്ത ബന്ധമുണ്ട്. ഇതോടെ കേസിൽ പൊലീസ് പിടിയിലാകുന്നവരുടെ എണ്ണം അഞ്ചായി.

ഞായറാഴ്ച രാവിലെ അക്രമിസംഘം സഞ്ചരിച്ച ഇന്നോവ കാർ മാവിച്ചേരിയിലെ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. രാമന്തളി സ്വദേശിയുടേതാണ് കസ്റ്റഡിയിലെടുത്ത ഇന്നോവ കാറെന്നാണ് വിവരം. കാർ കൊല്ലപ്പെട്ട ബിജു സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചതായി ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ഇതോടെ ബിജുവിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന വാദം ബിജെപി സജീവമാക്കുകയാണ്.

കൊലയ്ക്കു പിന്നിൽ പ്രവർത്തിച്ച ഏഴു പ്രതികളെയും നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. റെനീഷ്, അനൂപ് എന്നിവരുൾപ്പെട്ട സംഘമാണ് കൊലപാതകം നടത്തിയത്. ആർഎസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് കക്കംപാറയിലെ ചൂരക്കാട്ട് ബിജുവാണ് കഴിഞ്ഞദിവസം അക്രമികളുടെ വെട്ടേറ്റു കൊല്ലപ്പെട്ടത്. പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽനിന്നു ബൈക്കിൽ വരികയായിരുന്ന ബിജുവും സുഹൃത്ത് രാജേഷും സഞ്ചരിച്ച ബൈക്കിനെ മുട്ടം പാലത്തിനു സമീപം വച്ച് ഇന്നോവ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്‌ത്തി

ബിജുവിനെ കഴുത്തിനു വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന ഏഴുപേരിൽ നാലു പേരാണു ബിജുവിനെ ആക്രമിച്ചതെന്നാണു മൊഴി. മറ്റൊരാൾ കൂടെയുണ്ടായിരുന്ന രാജേഷിനെ ഭയപ്പെടുത്തി ഓടിച്ചു. മറ്റു രണ്ടുപേർ കാറിൽ തന്നെ ഇരിക്കുകയായിരുന്നു. ഇതിലൊരാൾ താൻ ശ്രദ്ധിക്കുന്നുണ്ടെന്നു മനസിലാക്കിയതോടെ മുഖം തുണികൊണ്ടു മറച്ചതായി രാജേഷ് മൊഴി നൽകിയിട്ടുണ്ട്.