NewsOnlive.in

കൊച്ചി മെട്രോയുടെ ട്രയല്‍ സര്‍വീസിന് തുടക്കം

കൊച്ചി: യാത്രാനുമതി ലഭിച്ച കൊച്ചി മെട്രോയുടെ ട്രയല്‍ സര്‍വീസ് ബുധനാഴ്ച രാവിലെ 6.30 ന് തുടങ്ങി. ഒന്നിലധികം ട്രെയിനുകള്‍ ഉപയോഗിച്ച്‌ നടത്തുന്ന ട്രയല്‍ സര്‍വീസ് രാത്രി 9.30 വരെ തുടരും. മെട്രോയ്ക്കായി സജ്ജീകരിച്ച വിവിധ സംവിധാനങ്ങളും ട്രയല്‍ സര്‍വീസിനൊപ്പം തന്നെ പരീക്ഷിക്കും. സാധാരണ യാത്രയ്ക്ക് തുല്യമാണ് ട്രയല്‍ സര്‍വീസെങ്കിലും യാത്രക്കാരെ കയറ്റില്ല.

ആലുവ മുതല്‍ പാലാരിവട്ടം വരെയും തിരിച്ചുമുള്ള എല്ലാ സ്റ്റേഷനുകളിലും വണ്ടി നിര്‍ത്തിയാണ് ട്രയല്‍ സര്‍വീസ്. അനൗണ്‍സ്മെന്റ്, ട്രെയിനിനകത്തുള്ള ഡിസ്പ്ലേയില്‍ അതത് സ്റ്റേഷനുകളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കല്‍ തുടങ്ങിയവയുടെയെല്ലാം പ്രവര്‍ത്തനം വിലയിരുത്തുന്നുണ്ട്. നാലു വണ്ടികള്‍ ഉപയോഗിച്ചാണ് ട്രയല്‍ സര്‍വീസ്.

വരും ദിവസങ്ങളില്‍ ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കും. ആറു ട്രെയിനുകളാണ് ആദ്യഘട്ടത്തില്‍ സര്‍വീസിനായി മെട്രോയിലുള്ളത്. സര്‍വീസും അനുബന്ധ സംവിധാനങ്ങളും കുറ്റമറ്റതാണെന്ന് ഉറപ്പാക്കും വരെ ട്രയല്‍ തുടരുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.

മൂന്നു ദിവസത്തെ വിശദ പരിശോധനകള്‍ക്കു ശേഷം കഴിഞ്ഞ ദിവസമാണ് കൊച്ചി മെട്രോയ്ക്ക് കേന്ദ്ര മെട്രോ െറയില്‍ സുരക്ഷാ കമ്മിഷണറുടെ യാത്രാനുമതി ലഭിച്ചത്. ഈ മാസം അവസാനമോ ജൂണ്‍ ആദ്യമോ പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോ ഉദ്ഘാടനം ചെയ്യുമെന്നു കരുതുന്നു. രാജ്യത്തെ തന്നെ മികച്ച മെട്രോ എന്ന വിശേഷണമാണ് കൊച്ചി മെട്രോയ്ക്ക് സുരക്ഷാ കമ്മിഷണര്‍ നല്‍കിയിട്ടുള്ളത്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ദൂരം ഉദ്ഘാടന സര്‍വീസ് നടത്തുന്നു എന്ന സവിശേഷതയും കൊച്ചി മെട്രോയ്ക്കുണ്ട്.