NewsOnlive.in

പാക് പൗരന്‍ തന്നെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം ചെയ്തതാണെന്ന് യുവതി

ഇസ്ലമാബാദ്: ഇന്ത്യന്‍ ഹൈക്കമ്മീഷനിലെത്തിയ നവവധുവായ ഇന്ത്യന്‍ ഭാര്യയെ കാണാനില്ലെന്ന പാകിസ്താന്‍ യുവാവിന്റെ പരാതിയില്‍ പുതിയ വെളിപ്പെടുത്തലുകള്‍.

തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കല്ല്യാണം കഴിപ്പിക്കുകയായിരുന്നുവെന്നും എത്രയും പെട്ടെന്ന് തന്നെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെന്നും ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അഭയം തേടിയ ഉസ്മ എന്ന യുവതി ആവശ്യപ്പെട്ടു.

താഹിര്‍ അലി തന്നെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് ഇസ്ലാമാബാദിലെ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും ഉസ്മ ആരോപിക്കുന്നുണ്ട്. ഇതേക്കുറിച്ച്‌ അവര്‍ മജിസ്ട്രേറ്റിന് മൊഴി നല്‍ക്കുകയും ചെയ്തു.

ഇന്ന് രാവിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെത്തിയ താഹിര്‍ അലി അവിടെ വച്ച്‌ ഭാര്യയെ കണ്ടെന്നും എന്നാല്‍ പിന്നീട് കോടതിയില്‍ ഉസ്മ എത്തിയപ്പോള്‍ ഇയാളെ കണ്ടില്ലെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് താഹിര്‍ അലി എന്നെ വിവാഹം ചെയ്തത്. എന്റെ എമിഗ്രേഷന്‍ രേഖകളെല്ലാം അയാള്‍ തട്ടിയെടുത്തു…… പാക് ടിവി ചാനലായ ജിയോ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഉസ്മ പറഞ്ഞു.

ഇരുപതുകാരിയായ ഉസ്മ എന്ന യുവതി നാട്ടില്‍ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് തങ്ങളെ സമീപിച്ചതായി പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചിട്ടുണ്ടെന്ന് പാക് വിദേശകാര്യവക്താവ് നഫീസ് സക്കറിയ അറിയിച്ചു.

അലിയെ താന്‍ വിവാഹം ചെയ്തെന്നും എന്നാല്‍ അയാള്‍ വേറെ വിവാഹം കഴിച്ചയാളെണെന്നും നാല് മക്കളുടെ അച്ഛനാണെന്നും പിന്നീടാണ് അറിഞ്ഞതെന്നുമാണ് ഉസ്മ ഇന്ത്യന്‍ ഹൈക്കമ്മീഷനെ അറിയിച്ചിട്ടുള്ളതെന്നും നഫീസ് സക്കറിയയുടെ വാര്‍ത്തക്കുറിപ്പില്‍ പറയുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

മലേഷ്യയില്‍ വച്ച്‌ പ്രണയത്തിലായ ഉസ്മയും താഹിര്‍ അലിയും മെയ് ഒന്നിന് ഇന്ത്യയിലെത്തിയ ശേഷം വാഗാ അതിര്‍ത്തി വഴിയാണ് പാകിസ്താനിലെത്തിയത്.

തുടര്‍ന്ന് മെയ് മൂന്നിന് ഇരുവരും പാകിസ്താനില്‍ വച്ച്‌ വിവാഹിതരായി. ഭാര്യയുടെ ഡല്‍ഹിയിലുള്ള സഹോദരനെ വിവാഹശേഷം ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഹണിമൂണിനായി ഡല്‍ഹിയിലേക്ക് ചെല്ലാന്‍ അദ്ദേഹം ക്ഷണിച്ചെന്നും ഇതുപ്രകാരം വിസയ്ക്ക് വേണ്ടി അപേക്ഷിക്കാനായി ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ എത്തിയപ്പോള്‍ ആണ് ഭാര്യയെ കാണാതാതെന്നുമാണ് ലോക്കല്‍ പോലീസിന് നല്‍കിയ പരാതിയില്‍ താഹിര്‍ അലി പറഞ്ഞിരിക്കുന്നത്.

ഹൈക്കമ്മീഷന്‍ ഓഫീസിലെത്തിയപ്പോള്‍ അപേക്ഷയും തങ്ങളുടെ കൈവശമുള്ള ഫോണുകളും അധികൃതര്‍ വാങ്ങിവെച്ചു. പിന്നീട് ഉസ്മയെ ഉള്ളിലേക്ക് വിളിപ്പിക്കുകയും താഹിറിനോട് കാത്തിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ഉസ്മയെ കാണാത്തതിനാല്‍ കാര്യം അന്വേഷിച്ച താഹിറിന് യുവതി ഇവിടെയില്ലെന്ന മറുപടിയാണ് ലഭിച്ചത്. വാങ്ങിവെച്ച ഫോണുകള്‍ തിരിച്ചു നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേത്തുടര്‍ന്ന് താഹിര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

വിസിറ്റിംഗ് വിസയുമായാണ് ഉസ്മ പാകിസ്താനിലേക്ക് പോയതെന്നും വിവാഹം കഴിക്കുന്ന കാര്യമൊന്നും അവര്‍ വിസയ്ക്ക് അപേക്ഷിച്ചപ്പോള്‍ പറഞ്ഞിരുന്നില്ലെന്നും ഒരു ബന്ധുവിനെ കാണാന്‍ വേണ്ടിയാണ് പാകിസ്താനിലേക്ക് പോകുന്നതെന്നുമാണ് വിശദീകരിച്ചതെന്നും ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ ഓഫീസ് അറിയിച്ചു.

ഇന്ത്യന്‍ യുവതി ഹൈക്കമ്മീഷനില്‍ അഭയം തേടിയ വിവരം സ്ഥിരീകരിച്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നലകുന്നുണ്ടെന്നും തുടര്‍നടപടികള്‍ക്കായി പെണ്‍കുട്ടിയുടെ കുടുംബവുമായും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയവുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും വ്യക്തമാക്കി.