NewsOnlive.in

സെന്‍കുമാറില്‍ സര്‍ക്കാര്‍ മലക്കം മറിയുമ്ബോള്‍ വിലയില്ലാതാകുന്നത് കോടിയേരി നല്‍കിയ ഉറപ്പിന്; എന്തായിരുന്നു അത്

തിരുവനന്തപുരം: ( 03.05.2017) ടി പി സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വീണ്ടും മലക്കംമറിഞ്ഞതോടെ വിലയില്ലാതാകുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഉറപ്പിന്.

സര്‍ക്കാരിനെതിരെ സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി കഴിഞ്ഞ ദിവസം പരിഗണിക്കാന്‍ അദ്ദേഹം നിര്‍ബന്ധിക്കാതിരുന്നത് കോടിയേരി ഫോണിലൂടെ നല്‍കിയ വ്യക്തമായ ഉറപ്പിനേത്തുടര്‍ന്നാണെന്ന സൂചന ശക്തമാണ്.

വീണ്ടും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കരുതെന്നും നിയമനം ഉടനുണ്ടാകുമെന്നുമാണത്രേ കോടിയേരി സെന്‍കുമാറിനോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനും ഇതേ കാര്യം തന്നെ സെന്‍കുമാറിനെ വിളിച്ച് പറഞ്ഞായും സൂചനയുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമുള്ള ഇടപെടലുകളായിത്തന്നെയാണ് ഇവയെ സെന്‍കുമാര്‍ കണ്ടത്. അതോടെയാണ് കോടതിയലക്ഷ്യക്കേസ് പരിഗണനക്കെടുക്കുന്നതിനു തൊട്ടുമുമ്പ് സെന്‍കുമാറിന്റെ അഭിഭാഷകന്‍ താല്‍ക്കാലികമായി പിന്‍മാറിയത്.

ഇനി വെള്ളിയാഴ്ചയാണ് ഹര്‍ജി പരിഗണിക്കുക. കോടിയലക്ഷ്യ ഹര്‍ജിയില്‍ കര്‍ണാടക ചീഫ് സെക്രട്ടറിയെ സുപ്രീംകോടതി അടുത്തയിടെ ശിക്ഷിക്കുക പോലും ചെയ്തിരുന്നു. അങ്ങനെയൊരു സാഹചര്യം ഇവിടെയുണ്ടായാല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പുപോലും അപകടത്തിലാക്കുന്ന പ്രശ്‌നമായി അതു മാറിക്കൂടെന്നില്ല, ഈ സഹചര്യത്തിലാണ് സെന്‍കുമാറിനെ അനുനയിപ്പിക്കാനുള്ള ഇടപെടലുണ്ടായത്. നിയമനം സംബന്ധിച്ച് അനുകൂലമായി മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ പറയുകയും ചെയ്തു.

എന്നാല്‍ പിന്നീട് വീണ്ടും കാര്യങ്ങള്‍ മാറി. സെന്‍കുമാറിനെ ഡിജിപിയാക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി കൊടുക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആലോചിക്കുന്നതത്രേ. റിവ്യൂ ഹര്‍ജി കൊടുക്കുന്നത് ചിലപ്പോള്‍ കൂടുതല്‍ മോശമായ തിരിച്ചടിക്ക് ഇടയാക്കിയേക്കും എന്ന ഉപദേശം ലഭിച്ചതിനേത്തുടര്‍ന്നാണ് നേരത്തേ അത് വേണ്ടെന്നുവച്ചത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും അതേവഴിക്ക് തന്നെയാണ് നീക്കം. അതിനു പിന്നില്‍ സിപിഎമ്മിലെ ചില നേതാക്കളുടെ പിടിവാശിയുണ്ടെന്നും അറിയുന്നു.

പക്ഷേ, കോടിയേരി അതിനെ അനുകൂലിക്കുന്നില്ല. അദ്ദേഹം സെന്‍കുമാറിന് നല്‍കിയ ഉറപ്പിനു വിലയില്ലാതാകും എന്നതാണ് കാരണം. എം വി ജയരാജനും റിവ്യൂ പെറ്റീഷനെ അനുകൂലിക്കുന്നില്ലത്രേ. പക്ഷേ, സെന്‍കുമാര്‍ പ്രതിപക്ഷത്തിന് വിവരങ്ങള്‍ നല്‍കി സഭയില്‍ പറയിപ്പിക്കുന്നുവെന്നാണ് റിവ്യൂ പെറ്റീഷനു വേണ്ടി വാദിക്കുന്നവരുടെ വിമര്‍ശനം.