NewsOnlive.in

സിനിമയിലായതുകൊണ്ട് പ്രതികരിക്കാന്‍ പാടില്ല എന്നില്ലെന്ന് മഞ്ജിമ

സിനിമയിലായതുകൊണ്ട് പ്രതികരിക്കാന്‍ പാടില്ല എന്നില്ലെന്ന് മഞ്ജിമ. വളരെ ചെറുപ്പം മുതലേ അമ്മ പറയാറുണ്ട്. നിനക്ക് എന്താണോ ശരി അതിനൊപ്പം നില്‍ക്കുക. തെറ്റാണ് എന്ന് തോന്നുന്ന കാര്യങ്ങളോട് ശക്തമായി പ്രതികരിക്കുക. അച്ഛന്‍ മിക്കപ്പോഴും ഷൂട്ടിലായിരിക്കും. ഇത്തരത്തിലുള്ള കാര്യങ്ങള്‍ അമ്മ തന്നെയാണ് എപ്പോഴും പറയാറുണ്ടായിരുന്നത്. ഇപ്പോള്‍ സിനിമയിലായത് കൊണ്ട് അതൊന്നും ഞാന്‍ മറന്നിട്ടില്ല. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളാണ് ഞാന്‍. അതുകൊണ്ട് അല്‍പം തന്റേടമൊക്കെ ഉണ്ട്. ഞാന്‍ ട്വീറ്റ് ചെയ്യുമ്ബോള്‍ ഒരുപാട് പേര്‍ മറുപടി എഴുതാറുണ്ട്. ചിലര്‍ നമ്മളോടൊപ്പം നില്‍ക്കും. ചിലര്‍ മാന്യമായ ഭാഷയില്‍ വിമര്‍ശിക്കും. അതൊക്കെ സ്വാഗതം ചെയ്യാം. എന്നാല്‍ മറ്റു ചിലരാകട്ടെ വളരെ മോശമായ ഭാഷയിലാണ് എഴുതുക. നമ്മുടെ ശരീരത്തെ പരിഹസിക്കും. ഇവര്‍ക്കൊന്നും ഞാന്‍ പൊതുവെ മറുപടി കൊടുക്കാറില്ല. എന്നാല്‍ പരിധി വിടുമ്ബോള്‍ പലപ്പോഴും പ്രതികരിച്ചു പോകാറുണ്ട്.


സിനിമയിലായതുകൊണ്ട് പ്രതികരിക്കാന്‍ പാടില്ല എന്നില്ല. നമ്മളെ കാണുന്ന നിരവധിയാളുകള്‍ നമുക്ക് ചുറ്റുമുണ്ട്. നമ്മള്‍ തുറന്ന് പറയുമ്ബോള്‍ ചിലര്‍ പറയും ഈ കുട്ടി ഇങ്ങനെയൊന്നും പറയേണ്ട ആവശ്യമില്ലെന്ന്. പക്ഷെ ഇതൊന്നും എന്നെ ബാധിക്കാറില്ല.
ഒരു ജോലി ഇല്ലാതെ വീട്ടില്‍ ഇരുക്കുന്നവരാകും നടിമാരുടെ നിറവും തടിയും നോക്കി അഭിപ്രായം പറയാന്‍ നടക്കുന്നത്. സിനിമയെയും അഭിനയത്തെയും വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. കാരണം പണം ചെലവാക്കിയാണ് സിനിമ കാണുന്നത്. എന്നാല്‍ ഒരാളുടെ ശരീരത്തെക്കുറിച്ചോ നിറത്തെക്കുറിച്ചോ ആര്‍ക്കും പറയാന്‍ അവകാശമില്ല. തടിച്ചിരിക്കുന്നതും മെലിഞ്ഞിരിക്കുന്നതും വ്യക്തിപരമായ കാര്യമാണ്. ലോകത്തില്‍ ആരും പെര്‍ഫക്ടല്ല. ഇങ്ങനെ വരുന്ന കമന്റുകളൊന്നും ഞാന്‍ ശ്രദ്ധിക്കാതിരിക്കാന്‍ പഠിച്ചു കഴിഞ്ഞു.

സിനിമാ സെറ്റിലൊക്കെ ഞാന്‍ ഒറ്റയ്ക്കാണ് പോകാറ്. യാത്രകള്‍ നമ്മെ ബോള്‍ഡാക്കും. അച്ഛനും അമ്മയും കുട്ടിക്കാലം മുതലേ കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്ത് പഠിക്കാന്‍ എന്നെ ശീലിപ്പിച്ചിട്ടുണ്ട്. കോളേജ് കാലം മുതല്‍ വീട്ടില്‍ നിന്ന് മാറി നിക്കാന്‍ തുടങ്ങി. ചെന്നൈയില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഒരുപാട് പേര്‍ അച്ഛനോടും അമ്മയോടും ചോദിക്കാറുണ്ട് അവളെ എന്തിന് തനിച്ചു വിടുന്നു. പ്രത്യേകിച്ച്‌ സിനിമാ സെറ്റിലൊക്കെ എന്ന്. സിനിമ എന്ന് മാത്രമല്ല എവിടെയും നമുക്ക് അതിജീവിക്കണമെങ്കില്‍ അത്യാവശ്യം ബോള്‍ഡ് ആയിരിക്കണം. നമ്മള്‍ ഒറ്റയ്ക്ക് പോകുമ്ബോള്‍ പ്രശ്നങ്ങളൊക്കെ ഉണ്ടയേക്കാം. അതുകൊണ്ട് മുന്‍കരുതല്‍ എടുക്കുന്നത് നല്ലതാണ്. പക്ഷെ ഭയപ്പെട്ട് ജീവിക്കുന്നതില്‍ അര്‍ഥമില്ല. ഞാന്‍ ഇപ്പോള്‍ എവിടെയെങ്കിലും താമസിക്കുകയാണെങ്കില്‍ സേഫ് ആണോ എന്നൊക്കെ നോക്കാറുണ്ട്. ഷൂട്ടിങ് സമയങ്ങളില്‍ ഹോട്ടലുകളില്‍ താമസിക്കാറുണ്ട്. രാത്രി ഒരു സമയം കഴിഞ്ഞാല്‍ ഞാന്‍ ആര് വിളിച്ചാലും ഫോണ്‍ എടുക്കുകയോ വാതില്‍ തുറക്കുകയോ ചെയ്യാറില്ല. അച്ഛനെയും അമ്മയെയും താരതമ്യം ചെയ്യുമ്ബോള്‍ അച്ഛനാണ് ടെന്‍ഷന്‍. അച്ഛന്‍ ഇടയ്ക്കിടെ വിളിച്ചു നോക്കും.
സിനിമയില്‍ എനിക്കിതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ല. എന്നെപ്പറ്റി വത്യസ്ത അഭിപ്രായങ്ങള്‍ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്റെ സ്വഭാവം മനസ്സിലാക്കാന്‍ പറ്റില്ലെന്നാണ് പറയാറുള്ളത്. പരിചയം ഇല്ലാത്തവര്‍ക്ക് മുന്‍പില്‍ ഒരു ഷീല്‍ഡ് വയ്ക്കാറുണ്ട്. അതുകൊണ്ട് ജീവിതത്തില്‍ ആരോടും റൂഡ് ആയി സംസാരിക്കേണ്ട സാഹചര്യം ഇല്ല.
നടിമാര്‍ മാത്രമല്ല എത്ര പെണ്‍കുട്ടികളാണ് രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്നതും യാത്ര ചെയ്യുന്നതും. കേരളത്തില്‍ വച്ച്‌ ഒരു നടി ആക്രമിക്കപ്പെട്ടത് നമ്മള്‍ എല്ലാവരും അറിഞ്ഞതാണ്. അത്തരം ദുരനുഭവങ്ങള്‍ ആര്‍ക്കും നേരിടേണ്ടി വന്നേക്കാം. അന്നുണ്ടായ സംഭവത്തില്‍ ആ പെണ്‍കുട്ടി വളരെ ധൈര്യത്തോടെയാണ് നേരിട്ടത്. അതിന് എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

വടക്കന്‍ സെല്‍ഫിയ്ക്ക് ശേഷമുണ്ടായ വിമര്‍ശനങ്ങളും പരിഹാസങ്ങളും കേട്ട് സത്യമായിട്ടും വിഷമിച്ചു. ഞാന്‍ മാനസികമായി തയ്യാറായിരുന്നില്ല. സിനിമ ചെയ്യുമ്ബോഴേ നിവിന്‍ പോളി എന്നോട് പറഞ്ഞിരുന്നു. ചിലപ്പോള്‍ വിമര്‍ശനങ്ങളൊക്കെ നേരിടേണ്ടി വരുമെന്ന്. എന്നാല്‍ അന്ന് ഞാന്‍ അത് സീരിയസ്സായി എടുത്തില്ല. സിനിമ ഇറങ്ങിയപ്പോള്‍ ക്ലൈമാക്സ് സീന്‍ പ്രത്യേകം എടുത്ത് പരിഹസിക്കാന്‍ തുടങ്ങി. എന്തു സംഭവം വന്നാലും അതുമായി റിലേറ്റ് ചെയ്യുന്നത് ട്രോളുകളാണ് ആളുകള്‍ പ്രചരിപ്പിച്ചത്.

ഒരാള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ അത് തുറന്ന് പറയാം തെറ്റ് ചൂണ്ടിക്കാണിക്കാം. അതൊക്കെ സ്വീകരിക്കാവുന്നതാണ്. പക്ഷെ ഇതങ്ങനെ ആയിരുന്നില്ല. അന്ന് ഞാന്‍ ഇതൊക്കെ കേട്ട് വിഷമിച്ചിരിക്കുമ്ബോള്‍ അച്ഛനും അമ്മയും പറഞ്ഞു. ഇങ്ങനെ തളരുകയല്ല, സ്വയം തെളിയിക്കാനാണ് ശ്രമിക്കേണ്ടതെന്ന്. എനിക്ക് പിന്നീട് വാശിയായിരുന്നു. ഇപ്പോള്‍ ഈ അവാര്‍ഡ് കിട്ടിയതൊക്കെ ഇത്തരക്കാര്‍ക്കുള്ള മറുപടിയാണ്. എനിക്ക് അഭിനയിക്കാന്‍ കഴിയുമെന്ന് തെളിയിക്കണമായിരുന്നു.