NewsOnlive.in

സര്‍ക്കാര്‍ പുതിയ ചുമതല നല്‍കിയില്ല; ജേക്കബ് തോമസ് വീണ്ടും അവധി നീട്ടി

തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വീണ്ടും അവധി നീട്ടി. ഒരു മാസത്തേക്ക് കൂടിയാണ് ജേക്കബ് തോമസ് അവധി നീട്ടിയത്. ഇത് സംബന്ധിച്ച അപേക്ഷ സര്‍ക്കാരിന് അദ്ദേഹം കഴിഞ്ഞ ദിവസം കൈമാറി. ഇതോടെ മൂന്നുമാസമാകും ജേക്കബ് തോമസിന്റെ അവധി. സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജൂണ്‍ 30 വരെ അദ്ദേഹം അവധിയില്‍ പ്രവേശിച്ചതെന്നാണ് അറിയുന്നത്.

വിജിലന്‍സിനെതിരായി തുടര്‍ച്ചയായി ഹൈക്കോടതിയുടെ പരാമര്‍ശം വന്ന സാഹചര്യത്തിലായിരുന്നു ഡയറക്ടറായിരുന്ന ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ഈ നടപടി. തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറുടെ താത്കാലിക ചുമതല ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറിയിരുന്നു.

കോടതി ഉത്തരവിനെ തുടര്‍ന്ന് സെന്‍കുമാര്‍ പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയപ്പോള്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് സര്‍ക്കാര്‍ വിജിലന്‍സിന്റെ പൂര്‍ണ ചുമതല നല്‍കിയിരുന്നു.