NewsOnlive.in

കോഴി നിറച്ചത്

ചേരുവകള്‍:

  • ചെറിയ കോഴി -ഒരെണ്ണം (500, 600 ഗ്രാം)
  • സവാള മൂന്നെണ്ണം -വലുത്
  • തക്കാളി -മൂന്ന്
  • ഇഞ്ചി വെളുത്തുള്ളി പേസ്​റ്റ്​ -രണ്ടു ടേബ്ള്‍ സ്​പൂണ്‍ വീതം
  • മല്ലിപൊടി -മൂന്ന് ടേബിള്‍ സ്​പൂണ്‍
  • മുളകുപൊടി -മൂന്ന് ടേബിള്‍ സ്​പൂണ്‍
  • മഞ്ഞള്‍പ്പൊടി -അര ടേബിള്‍ സ്​പൂണ്‍
  • ഷാഹി ഗരംമസാല -ഒരു ടേബിള്‍ സ്​പൂണ്‍
  • ഉപ്പ് -പാകത്തിന്
  • വെളിച്ചെണ്ണ -അര കപ്പ്
  • ജീരക പൊടി -1 ടീസ്​പൂണ്‍
  • കറിവേപ്പില -5, 6 തണ്ട്
  • മല്ലിയില, പുതിന -കുറച്ച്‌
  • അണ്ടിപ്പരിപ്പും കിസ്മിസും -കുറച്ച്‌
  • പഞ്ചസാര -കുറച്ച്‌

തയാറാക്കുന്നവിധം:
തൊലി കളഞ്ഞു വൃത്തിയാക്കിയ കോഴിയെ പാകത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും തേച്ചു കുറച്ചു നേരം വെക്കുക. അതിനു ശേഷം രണ്ടു കോഴിമുട്ട പുഴുങ്ങിയത് കോഴിക്കുള്ളില്‍ നിറച്ചു കാല്‍ രണ്ടും നൂലിട്ട് കൂട്ടികെട്ടിവെക്കുക. വെളിച്ചെണ്ണയില്‍ ഉള്ളിയും തക്കാളിയും നന്നായി വഴറ്റുന്നതാണ് അടുത്തപടി. അതിലേക്ക്​ ഉപ്പും ഇഞ്ചി വെളുത്തുള്ളി പേസ്​റ്റും ചേര്‍ത്ത് വഴറ്റി മഞ്ഞള്‍, മുളക്, മല്ലി, ഗരം മസാല പൊടികള്‍ എല്ലാം ചേര്‍ക്കുക.

നന്നായി മൂത്ത മണം വന്നാല്‍ ഒരു ഗ്ലാസ് വെള്ളമൊഴിച്ച്‌ ഇളക്കി ചിക്കന്‍ അതില്‍ ചേര്‍ക്കുക. ഇനി മൂടിവെച്ച്‌ ചെറിയ തീയില്‍ വേവിക്കുക. ഇടയ്ക്കിടെ ചിക്കന്‍ മറിച്ച്‌ ഇടണം. ഓരോ തവണയും തിരിച്ചിടുമ്ബോള്‍ അല്‍പം ഗ്രേവി ചിക്കന്‍റെ മുകളിലേക്ക് കോരി ഒഴിക്കുകയും വേണം. പല തവണ ഇങ്ങനെ ചെയ്യുമ്ബോള്‍ ചിക്കനില്‍ നല്ലപോലെ മസാല പിടിക്കും. ഇനി ചിക്കന്‍ ഒരു മുക്കാല്‍ വേവായാല്‍ ഗ്രേവിയിലേക്ക് കുറച്ച്‌ പഞ്ചസാര ചേര്‍ക്കുക. രുചികള്‍ ഒന്ന് ക്രമീകരിക്കാന്‍ വേണ്ടിയാണിത്. കൂടെ അണ്ടിപ്പരിപ്പും കിസ്മിസും.

കോഴി ഉടയാതെ കറി ഇളക്കുക. പാകമായാല്‍ മുകളില്‍ കറിവേപ്പിലയും പുതിനയും മല്ലിയിലയും അരിഞ്ഞതും ഇട്ട് ഒരു അഞ്ച് മിനിറ്റ് കൂടി തീയില്‍ വച്ച ശേഷം എടുക്കാം. ഇനി നല്ല ഭംഗിയായി അലങ്കരിച്ച്‌ ഇഫ്താര്‍ മേശയിലേക്ക് എടുത്തുവെച്ചാല്‍ മറ്റു വിഭവങ്ങളേക്കാള്‍ തലയെടുപ്പ് ഈ കോഴി നിറച്ചതിനു തന്നെ !

തയാറാക്കിയത്: ഹേമ സോപാനം