NewsOnlive.in

ഇറോം ശര്‍മിളയുടെ വിവാഹം ജൂലൈയില്‍

മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ശര്‍മിള വിവാഹിതയാകുന്നു. ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടിഞ്ഞോയുമായുള്ള വിവാഹം ഈ വര്‍ഷം ജൂലൈയില്‍ ഉണ്ടാകും.

‘വിവാഹ തിയതി ഇനിയും തീരുമാനിച്ചിട്ടില്ല. തമിഴ്നാട്ടില്‍ വെച്ച്‌ ജൂലൈ അവസാനത്തോടെ വിവാഹിതരാകാനാണ് തീരുമാനം.’ ഒരു ദേശീയമാധ്യമത്തിന് നല്‍കിയ ടെലഫോണ്‍ അഭിമുഖത്തില്‍ ഇറോം ശര്‍മിള അറിയിച്ചു. വിവാഹശേഷം ഡെസ്മണ്ടുമൊത്ത് തമിഴ്നാട്ടില്‍ സ്ഥിരതാമസമാക്കാനാണ് ആലോചന.

വിവാഹിതയാകാനുള്ള തീരുമാനത്തെ കുറിച്ച്‌ അമ്മയോട് ഇതുവരെ സംസാരിച്ചിട്ടില്ലെന്നും ഇറോം അറിയിച്ചു. ‘ഉടനടി അമ്മയെ വിവരമറിയിക്കണം. ഒപ്പം സുഹൃത്തുക്കളേയും ക്ഷണിക്കണം.’ – ഇറോം പറഞ്ഞു.

കഴിഞ്ഞവര്‍ഷമാണ് സമരം അവസാനിപ്പിച്ച്‌ അവര്‍ രാഷ്ട്രീയത്തിലിറങ്ങിയത്. സമരകാലത്തെ ജനപ്രിയത തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് നിലനിര്‍ത്താനായില്ല. പാര്‍ട്ടിക്കും വലിയ സ്വീകാര്യതയുണ്ടായില്ല. മണിപ്പുരിലെ ഥൗബല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരേ മത്സരിച്ച ഇറോമിന് 90 വോട്ടുമാത്രമാണ് ലഭിച്ചത്. കന്നിപ്പോരാട്ടത്തിലെ തിരിച്ചടിയെത്തുടര്‍ന്ന് ഇനി മത്സരിക്കാനില്ലെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.