NewsOnlive.in

ഭാഗ്യദേവത കടാക്ഷിച്ചു: ലോട്ടറി വില്‍പനക്കാരന് 65 ലക്ഷം സമ്മാനം

പെരുമ്പുഴ : കേരള ഭാഗ്യക്കുറിയുടെ പൗര്‍ണമി നറുക്കെടുപ്പില്‍ ലോട്ടറി വില്‍പനക്കാരനെ ഭാഗ്യദേവത കനിഞ്ഞു. കൊല്ലം പെരുമ്പുഴ ചരുവിള വീട്ടില്‍ അബ്ദുല്‍ കരീമിനാണ് ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ ലഭിച്ചത്. ഇരുപതാമത്തെ വയസ്സില്‍ ലോട്ടറി കച്ചവടം തുടങ്ങിയ കരീമിനെ ആദ്യമായാണ് ഭാഗ്യദേവത കടാക്ഷിച്ചത്. വില്‍ക്കാന്‍ കഴിയാതെ പോയതിനെ തുടര്‍ന്ന് കൈവശമുണ്ടായിരുന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.ആര്‍എന്‍ 285 സീരീസില്‍പ്പെട്ട ആര്‍ഇ 314206 നമ്പരിനാണ് ഒന്നാം സ്ഥാനം കിട്ടിയത്.

ലോട്ടറി വില്‍പനയിലൂടെ കുടുംബം പോറ്റിയിരുന്ന കരീം മകളുടെ വിവാഹത്തിനായി ആകെയുണ്ടായിരുന്ന രണ്ടു സെന്റ് സ്ഥലവും വീടും വിറ്റിരുന്നു. ഇപ്പോള്‍ പെരുമ്പുഴ വഞ്ചിമുക്കിലെ വാടകവീട്ടിലാണ് താമസം. ഒരു വീടു വാങ്ങി ലോട്ടറി കച്ചവടം തുടരണമെന്നാണ് കരീമിന്റെ ആഗ്രഹം. ഭാര്യ: ഷീജ. മക്കള്‍: ഷംന, ഷംനാദ്. മരുമകന്‍: ഷെമീര്‍.