NewsOnlive.in

ബാബറി മസ്ജിദ് കേസ്: എല്‍കെ അദ്വാനിക്കെതിരെ ഗൂഢാലോചന കുറ്റം; വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ നിര്‍ണായകമായ ഉത്തരവുമായി സുപ്രീം കോടതി. ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ ഗൂഢാലോചനയില്‍ ബിജെപി മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. അലഹാബാദ് കോടതിയുടെ ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി കേസില്‍ പുതിയ ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.

അദ്വാനി, ഉമാഭാരതി, മുരളിമനോഹര്‍ ജോഷി, കല്യാണ്‍ സിങ് തുടങ്ങിയ 13 പ്രതികള്‍ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. സിബിഐയുടെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ പിസി ഘോഷ് റോഹിന്റന്‍ നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയുമുള്‍പ്പെടെ 19 ആര്‍എസ്എസ് ബിജെപി നേതാക്കള്‍ക്കെതിരെയുള്ള ഗൂഢാലോചന കുറ്റം നിലനിര്‍ത്തണം എന്നായിരുന്നു സിബിഐയുടെ ആവശ്യം. അദ്വാനിയുടെ പേരിലുണ്ടായിരുന്ന ഗൂഢാലോചന കുറ്റം പുനസ്ഥാപിക്കുന്നതാണ് കോടതിയുടെ ഉത്തരവ്. റായ്ബറേലി മജിസ്ട്രേറ്റ് കോടിതിയില്‍ വിചാരണ നടന്നിരുന്ന കേസ് ലഖ്നൗ കോടതിതിലേക്ക് മാറ്റി വിചാരണ നടത്തണമെന്നും വിചാരണകാലയളവില്‍ ജഡ്ജിയെ സ്ഥലം മാറ്റരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

മസ്ജിദ് തകര്‍ക്കുന്ന വേളയില്‍ യുപി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങ്ങിനെതിരായ ഗുഢാലോചന കുറ്റവും പുനസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കല്യാണ്‍സിങ് ഗവര്‍ണര്‍ ആയതിനാല്‍ തല്‍ക്കാലം വിചാരണ നേരിടുന്നതില്‍ നിന്നും ഒഴിവാക്കി. അതേസമയം അദ്ദേഹം എന്നാണോ ഗവര്‍ണര്‍ പദവി ഉപേക്ഷിക്കുന്നത് ആ സമയത്ത് തന്നെ ഗൂഢാലോചന കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു.

ബാബറി തകര്‍ത്തതുള്‍പ്പടെ ബന്ധപ്പെട്ട എല്ലാ കേസുകളും ഒരേകോടതിയില്‍ വച്ച് വിചാരണ നടത്തണമെന്നും കോട
തി നിര്‍ദേശിക്കുന്നു. ലഖ്നൗവിലെ കോടതിയില്‍ ഇടവേളകളില്ലാതെ വിചാരണ നടത്തി തീര്‍പ്പുണ്ടാക്കണമെന്ന നിര്‍ദേശമാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്. ലഖ്നൗവിലെ കേസാണ് ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട പ്രധാന കേസ്. എന്നാല്‍ റായ്ബറേലിയിലെ കേസ് ലഖ്നൗവിലെക്ക് മാറ്റി രണ്ട് കേസുകളിലും ഒരുമിച്ച് വിചാരണ നടത്തണമെന്നാണ് സുപ്രീം കോടതി പറഞ്ഞത്.

അതേസമയം റായ്ബറേലിയിലേത് മജിസ്ട്രേറ്റ് കോടതിയാണെന്നും മറ്റേത് സിബിഐ കോടതിയാണെന്നും അതുകൊണ്ട് തന്നെ ഭരണഘടന നല്‍കുന്ന മൗലികാവശങ്ങളുടെ ലംഘനമാണെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഈ വാദം സുപ്രീം കോടതി തള്ളുകയായിരുന്നു. വിചാരണ നേരിടാന്‍ തയ്യാറാണെന്ന് അദ്വാനി കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോള്‍ കോടതിയെ അറിയിച്ചിരുന്നു. ഗൂഢാലോചനയ്ക്ക് തെളിവ് കണ്ടെത്തിയാല്‍ വിചാരണ നേരിടാമെന്നാണ് അദ്വാനി അറിയിച്ചത്.