NewsOnlive.in

അനന്തുവിന്‍റെ കൊലപാതകം: ആറു പേര്‍ അറസ്റ്റില്‍; പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേരും കസ്റ്റഡിയില്‍

ചേര്‍ത്തല: സ്കൂളിലെ തര്‍ക്കത്തിന്‍റെ പേരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ ആറു പേര്‍ അറസ്റ്റില്‍. അതുല്‍, കണ്ണന്‍, അനന്ദു, വിപിന്‍, ഹരികൃഷ്ണന്‍ തുടങ്ങിയവരാണ് അറസ്റ്റിലായത്. 19നും 22 നും മധ്യേയാണ് ഇവരുടെ പ്രായം. കൊല്ലപ്പെട്ട അനന്തുവിന്‍റെ സഹപാഠികളായ മൂന്നു വിദ്യാര്‍ത്ഥികളെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പതിനേഴ് വയസ്സാണ് ഇവരുടെ പ്രായം. കൊലപാതകവുമായി ബന്ധപ്പെട്ട് പത്തു പേരെയാണ് പോലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നത്. കേസുമായി ബന്ധമില്ലെന്നു കണ്ട് ഒരാളെ പിന്നീട് വിട്ടയച്ചു.

സ്കൂളില്‍ ഷൂ ധരിച്ചുകൊണ്ട് വന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

പ്രതികളെല്ലാം ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. അനന്തുവും മുന്‍പ് ആര്‍.എസ്.എസ് പരിശീലന ക്യാംപില്‍ പോയിരുന്നു. എന്നാല്‍ ഒരു വര്‍ഷമായി ക്യാംപില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പിന്നീട് ഷൂ ധരിച്ചതിനെ ചൊല്ലി സ്കൂളില്‍ ആര്‍.എസ്.എസ് അനുഭാവികളായ വിദ്യാര്‍ത്ഥികള്‍ പ്രശ്നമുണ്ടാക്കി. ഇത് ചര്‍ച്ച ചെയ്ത് പരിഹരിക്കുകയുമായിരുന്നു. ബുധനാഴ്ച വീണ്ടും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും വയലാര്‍ നീലിമംഗലം രാജരാജേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.

പട്ടണക്കാട് പഞ്ചായത്ത് പത്താംവര്‍ഡ് ഭജനത്തറ അശോകന്‍റെ മകനാണ് കൊല്ലപ്പെട്ട അനനന്തു. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ഗവ.ഹയര്‍ സെക്കണ്ടിറി സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. സുഹൃത്ത് ക്ഷണിച്ചതിനെ തുടര്‍ന്നാണ് അനന്തു കൂട്ടുകാര്‍ക്കൊപ്പം ഉത്സവത്തിന് വന്നത്. സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി അനന്തുവിനെ അക്രമികള്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. മൃതപ്രായനായതോടെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ അക്രമികള്‍ അനന്തുവിന്‍റെ ഒരു കൂട്ടുകാരനെ ഫോണില്‍ വിളിച്ച്‌ വിവരം അറിയിക്കുകയും വേണമെങ്കില്‍ എടുത്ത് ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് നിര്‍ദേശിക്കുകയുമായിരുന്നു. കൂട്ടുകാരും നാട്ടുകാരും എത്തിയപ്പോഴേക്കും അനന്തു മരണപ്പെട്ടിരുന്നു. അനന്തുവിന്‍റെ മൊബൈല്‍ ഫോണ്‍ വിളികളില്‍ നിന്നാണ് പ്രതികളെ കുറിച്ച്‌ സൂചന ലഭിച്ചത്.

പ്രദേശത്ത് ആര്‍.എസ്.എസ് അതിക്രമം വര്‍ധിച്ചുവരുന്നതില്‍ പ്രതിഷേധിച്ച്‌ എല്‍.ഡി.എഫും യു.ഡി.എഫും ആലപ്പുഴ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണമാണ്. നഗരപ്രദേശങ്ങളില്‍ വാഹനങ്ങള്‍ ഓടുന്നുണ്ടെങ്കിലും ഉള്‍നാടുകാര്‍ ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നുണ്ട്. ആര്‍.എസ്.എസ് ആക്രമണത്തിനെതിരെ എല്‍.ഡി.എഫ് മുല്ലക്കലും യു.ഡി.എഫ് സക്കറിയ ബസാറിലും പ്രതിഷേധം യോഗവും നടത്തും.