NewsOnlive.in

പുതിയ കോളജും കോഴ്സും ഇല്ലെന്ന ഉത്തരവ് ഭരണഘടനാവിരുദ്ധം: കോടതി

കൊച്ചി: സംസ്‌ഥാനത്തു പുതിയ ആർട്സ് ആൻഡ് സയൻസ് കോളജുകളോ കോഴ്സുകളോ അനുവദിക്കില്ലെന്ന സർക്കാർ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നു ഹൈക്കോടതി. ഇതുസംബന്ധിച്ചു കഴിഞ്ഞ ഓഗസ്റ്റ് 22 നു സംസ്‌ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി അസാധുവാക്കി.

ഭരണഘടന ഉറപ്പുനൽകുന്ന മതന്യൂനപക്ഷങ്ങളുടെ അവകാശം, തൊഴിലവകാശം എന്നിവയുടെ മേലുള്ള കടന്നുകയറ്റമാണു സർക്കാർ ഉത്തരവെന്നും അത് നിലനിൽക്കില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്‌തമാക്കി. ഒരിടത്തും കോളജ് അനുവദിക്കില്ലെന്ന തരത്തിലുള്ള സമ്പൂർണ നിരോധം അനുവദിക്കാനാവില്ല.

കോഴ്സുകൾക്കും മറ്റും സർക്കാരിന്റെ അനുമതി തേടിയുള്ള ഓരോ അപേക്ഷയും പ്രത്യേകം പരിഗണിച്ച് ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.

2016–2017 അധ്യയനവർഷം പുതിയ കോളജ് തുടങ്ങാൻ അഫിലിയേഷൻ ലഭ്യമാക്കണമെന്നും നിലവിലുള്ള കോളജുകളിൽ പുതിയ കോഴ്സ് തുടങ്ങാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടും സർക്കാർ ഉത്തരവിനെ ചോദ്യംചെയ്തും സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ പരിഗണിച്ചാണു ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

കേരള, എംജി, കാലിക്കട്ട്, കണ്ണൂർ സർവകലാശാലകൾക്കു കീഴിലായി പുതിയ കോളജുകൾക്കും കോഴ്സുകൾക്കും അനുമതി വേണമെന്നാണു ഹർജിക്കാരുടെ ആവശ്യം. കോളജുകൾ തുടങ്ങുന്നതിനു സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തുന്ന സർക്കാർ ഉത്തരവ് ഭരണഘടനാവിരുദ്ധമാണോ എന്നതാണു ഹൈക്കോടതി പരിശോധിച്ചത്. സർവകലാശാലകളിൽനിന്ന് അനുമതിപത്രം ലഭിച്ചശേഷം കോളജ് തുടങ്ങാൻ പണം മുടക്കിയശേഷം സർക്കാർ കൊണ്ടുവന്ന സമ്പൂർണനിയന്ത്രണത്തിന്റെ അടിസ്‌ഥാനത്തിൽ അഫിലിയേഷൻ നൽകാനാവില്ലെന്നാണ് ഇപ്പോൾ സർവകലാശാലകൾ പറയുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ പുതിയ കോളജുകളും കോഴ്സുകളും തുടങ്ങാനാവില്ലെന്ന തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതു ശരിയായില്ലെന്നു സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഒരു നിശ്ചിത സ്‌ഥലത്തു കോളജ് ആവശ്യമില്ലെന്നു കണ്ടാൽ കോളജ് അനുവദിക്കാനാവില്ലെന്നു വ്യക്‌തമാക്കി വ്യവസ്‌ഥ കൊണ്ടുവരാൻ സർക്കാരിനു കഴിയും. നിലവിലുള്ള കോളജുകളുടെയും കോഴ്സുകളുടെയും എണ്ണം നിയന്ത്രിക്കാനും വ്യവസ്‌ഥ കൊണ്ടുവരാം. എന്നാൽ ഒരിടത്തും കോളജ് അനുവദിക്കാനാവില്ലെന്ന തരത്തിൽ സമ്പൂർണനിരോധനം കൊണ്ടുവരാൻ പറ്റില്ല. ഇത്തരമൊരു സർക്കാർ നിലപാട് സർവകലാശാലകൾ നടപ്പാക്കുന്നതു മൗലികാവകാശ ലംഘനമാണെന്ന് ഉത്തരവിൽ പറയുന്നു.