NewsOnlive.in

അടുത്ത വര്‍ഷം മുതല്‍ സ്കൂൾ കലോത്സവത്തിന് പുതിയ നിയമാവലി.

ഹരിപ്പാട്: സ്കൂൾകലോത്സവ നിയമാവലി (മാന്വൽ) പരിഷ്കരിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് നടപടികൾ തുടങ്ങി. വിധി നിർണയത്തിലെ ആക്ഷേപങ്ങൾ ഉൾപ്പെടെയുളള പ്രശ്നങ്ങൾ പരിഹരിക്കുന്ന വിധത്തിൽ പുതിയ നിയമാവലിയനുസരിച്ചാകും അടുത്തവർഷം മുതൽ കലോത്സവം.

രാഷ്ട്രീയകക്ഷി നേതാക്കളെയും അധ്യാപക സംഘടനാ പ്രതിനിധികളെയും മാന്വൽ പരിഷ്കരണത്തിന് ചുമതലപ്പെടുത്തുകയെന്ന പതിവിനും മാറ്റമുണ്ടാകും. ആദിവാസികലകൾ ഉൾപ്പെടെ ഏതാനും ഇനങ്ങൾകൂടി കലോത്സവത്തിൽ ഉൾപ്പെടുത്തും.

നാലുവർഷം മുമ്പാണ് സ്കൂൾ കലോത്സവത്തിന്റെ നിയമാവലി പരിഷ്കരിച്ചത്. ചവിട്ടുനാടകം, വഞ്ചിപ്പാട്, നങ്ങ്യാർകൂത്ത്, നാടൻപാട്ട്, അറബിപ്രസംഗം, ഉറുദുവിലെ വിവിധ മത്സരങ്ങൾ തുടങ്ങിയ കലാരൂപങ്ങൾ അന്നാണ് ഉൾപ്പെടുത്തിയത്.

വിധിനിർണയത്തിൽ പിഴവുവരുത്തുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നിർദേശം മാത്രമാണ് നിലവിലെ നിയമാവലിയിലുള്ളത്. അതുകൊണ്ട് വർഷങ്ങളായി വിധിനിർണയം നടത്തുന്നവരെ ഒഴിവാക്കാൻ നിയമതടസ്സമുണ്ട്. കലോത്സവ നിയമാവലി ലംഘിക്കുന്നതിൽ വിദ്യാഭ്യാസ വകുപ്പാണ് മുന്നിൽ നിൽക്കുന്നതെന്നാണ് ആക്ഷേപം. സമയക്രമം പാലിക്കാറില്ലെന്നതാണ് പ്രധാന വിമർശനം.