NewsOnlive.in

സോംനാഥില്‍നിന്നു മാനബിയിലേക്ക്: ഒരു ഭിന്നലിംഗ പ്രിന്‍സിപ്പലിന്റെ ജീവിതകഥ

ഇന്ത്യയുടെ ആദ്യ ഭിന്നലിംഗ പ്രിന്‍സിപ്പലായ മാനബി ബന്ദോപാധ്യായ കോളജില്‍ നിന്ന് രാജിവച്ചൊഴിഞ്ഞു എന്ന നിരാശാജനകമായ വാര്‍ത്തയുമായാണ് 2016 പടിയിറങ്ങിപ്പോയത്. കൊല്‍ക്കത്തയിലെ നാദിയ ജില്ലയിലുള്ള കൃഷ്ണനഗര്‍ വനിതാ കോളജ് പ്രിന്‍സിപ്പലായിരുന്ന മാനബി സഹപ്രവര്‍ത്തകരുടെ നിസ്സഹകരണത്തെ തുടര്‍ന്നാണ് രാജിവച്ചത്.

2015 ജൂണ്‍ ഒന്‍പതിനാണു കൃഷ്ണനഗര്‍ കോളജിന്റെ പ്രിന്‍സിപ്പലായി മാനബി സ്ഥാനമേറ്റെടുക്കുന്നത്. ഒന്നര വര്‍ഷത്തെ സേവനത്തിനു ശേഷം മാനബി രാജിവയ്ക്കുമ്ബോള്‍ വ്യത്യസ്ത ജനവിഭാഗങ്ങളോടുള്ള അസഹിഷ്ണുതയുടെ പേരില്‍ ഇന്ത്യന്‍ പൊതുസമൂഹത്തിന് ലജ്ജിച്ചു തല താഴ്ത്താം. പക്ഷേ, ഭിന്നലിംഗ സമൂഹത്തിനൊന്നാകെ പ്രചോദനമായ ജീവിതം നയിച്ച മാനബി തലയുയര്‍ത്തി പിടിച്ചു തന്നെയാണ് കോളജില്‍ നിന്ന് മടങ്ങുന്നത്.

ഇന്ത്യയിലെ ഭിന്നലിംഗക്കാര്‍ക്ക് പൊതുധാരയിലേക്കുവരാനുള്ള ഒരേയൊരു വഴി വിദ്യാഭ്യാസമാണെന്ന സന്ദേശം കൂടിയാണ് മാനബിയുടെ ജീവിതം.

ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ നയ്ഹാതിയിലുള്ള ഒരു മധ്യവര്‍ഗ്ഗ കുടുംബത്തിലെ ഏറ്റവും ഇളയപുത്രനായാണ് മാനബിയുടെ ജനനം. മാതാപിതാക്കള്‍ സോംനാഥ് ബന്ദോപാധ്യായ എന്നു പേരിട്ട് വളര്‍ത്തിയെങ്കിലും മാനബിയുടെ ഉള്ളില്‍ എന്നും നിറഞ്ഞു നിന്നത് സ്ത്രീയായി തീരാനുള്ള ആഗ്രഹമായിരുന്നു. ചെറുപ്പത്തില്‍ തന്നെ ക്ലാസിക്കല്‍ നൃത്തം അഭ്യസിക്കാന്‍ വാശിപിടിച്ചു. വീട്ടിനുള്ളില്‍ സ്ത്രീകളെ പോലെ വേഷം ധരിച്ചപ്പോഴും പുറത്തിങ്ങുമ്ബോള്‍ പുരുഷന്മാരെ പോലെ വേഷമിടാന്‍ നിര്‍ബന്ധിതയായി. മറ്റു ഭിന്നലിംഗക്കാരുടെ ജീവിതത്തിലെന്ന പോലെ ചുറ്റുമുള്ളവരും സമൂഹവുമെല്ലാം മാനബിക്ക് എതിരായിരുന്നു. പലപ്പോഴും ജീവനൊടുക്കുന്നതിനെപ്പറ്റി പോലും ആലോചിച്ചു. പക്ഷേ, സ്വന്തം കാലില്‍ നില്‍ക്കാന്‍ വിദ്യാഭ്യാസം അനിവാര്യമാണെന്ന തോന്നല്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മാനബിയെ പ്രേരിപ്പിച്ചു.

ജാദവ്പൂര്‍ സര്‍വകലാശാലയില്‍നിന്നു ബംഗാളിയില്‍ ബിരുദാനന്തരബിരുദം നേടിയ മാനബി കല്യാണി സര്‍വകലാശാലയില്‍ നിന്ന് മൂന്നാം ലിംഗ പഠനത്തില്‍ ഡോക്ടറേറ്റും നേടി. ഇതോടെ പശ്ചിമ ബംഗാളില്‍ നിന്ന് ആദ്യമായി ഡോക്ടറേറ്റ് നേടുന്ന ഭിന്നലിംഗക്കാരിയുമായി മാനബി. 1990കളുടെ അവസാനം ത്സാര്‍ഗ്രാമിലെ വിവേകാനന്ദ സെന്റിനറി കോളജില്‍ പ്രഫസറായി ജോലിക്കു കയറി ബംഗാളിലെ ആദ്യത്തെ ഭിന്നലിംഗ പ്രഫസറുമായി. അമ്മയുടെയും സഹോദരിമാരുടെയും എല്ലാ പിന്തുണയും മാനബിക്ക് തന്റെ അക്കാദമിക യാത്രയില്‍ ലഭിച്ചു.

എല്ലാവരും സ്വര്‍ണ്ണവും വീടും കാറുമെല്ലാം വാങ്ങാന്‍ പണം സ്വരുക്കൂട്ടുമ്ബോള്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വേണ്ടിയാണ് മാനബി സമ്ബാദിക്കാന്‍ തുടങ്ങിയത്. ദീര്‍ഘനാളത്തെ ആഗ്രഹത്തിന് പൂര്‍ത്തീകരണമായി 2003ല്‍ ലിംഗമാറ്റ ശസ്ത്രക്രിയക്കു വിധേയയായി. ഇതിനു ശേഷമാണ് മാനബി ബന്ദോപാധ്യായ എന്ന പേര് സ്വീകരിച്ചത്.
ശസ്ത്രക്രിയയ്ക്കു ശേഷവും കടുത്ത അധിക്ഷേപങ്ങളും ഒറ്റപ്പെടുത്തലും മാനബിക്ക് നേരിടേണ്ടി വന്നു. കോളജില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും ശുചിമുറിയില്‍ മാനബിക്ക് ഒരേപോലെ വിലക്കേര്‍പ്പെടുത്തി. സോംനാഥിനെയാണ് തങ്ങള്‍ നിയമിച്ചതെന്നും ചൂണ്ടിക്കാണിച്ച്‌ കോളജ് അധികൃതര്‍ പുറത്താക്കാന്‍ ശ്രമം നടത്തിയെങ്കിലും കോടതി വിധിയിലൂടെ മാനബി കോളജില്‍ തുടര്‍ന്നും പഠിപ്പിച്ചു. 20 വര്‍ഷത്തോളം നീണ്ട അധ്യാപന ജീവിതത്തിനു ശേഷമാണ് കൃഷ്ണനഗര്‍ വനിതാ കോളജ് പ്രിന്‍സിപ്പലായുള്ള നിയമനം.

ജീവിതത്തില്‍ തിരിച്ചടികള്‍ നേരിടുമ്ബോള്‍ ആത്മീയ ജീവിതത്തില്‍ നിന്നാണ് മാനബി പ്രചോദനം ഉള്‍ക്കൊള്ളുന്നത്. സ്വാമി വിവേകാനന്ദന്റെയും ശ്രീരാമകൃഷ്ണ പരമഹംസരുടെയും തത്വചിന്തയില്‍ വിശ്വസിക്കുന്ന മാനബി ബേലൂര്‍ മഠത്തിലെ സ്വാമി ആത്മസ്ഥാനന്ദയുടെ ശിഷ്യയാണ്. തിയറ്റര്‍ കലാകാരി കൂടിയായ മാനബി നൃത്തത്തിലും സജീവമാണ്. ഇന്ത്യയിലെ ആദ്യ ഭിന്നലിംഗ മാഗസിനായ ഒബ്-മാനബിന്റെ(സബ് ഹ്യൂമന്‍) പത്രാധിപ കൂടിയാണ്. എന്‍ഡ്ലെസ് ബോണ്ടേജ്, തേഡ് ജെന്‍ഡര്‍ ഇന്‍ ബംഗാളി സൊസൈറ്റി ആന്‍ഡ് ലിറ്ററേച്ചര്‍ എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ദേബശിഷ് മാനബിപുത്രോ വളര്‍ത്തു മകനാണ്.